Powered By Blogger

2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

എത്തിസലാത്ത് റിലയന്‍സില്‍ ലയിച്ചേക്കും


ന്യൂഡല്‍ഹി: യുഎഇ ആസ്ഥാനമായുള്ള ടെലികോം കമ്പനിയായ എത്തിസലാത്തിന്റെ ഇന്ത്യന്‍ സംരംഭം അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സില്‍ ലയിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് എത്തിസലാത്തിന്റെ ചെയര്‍മാന്‍ മുഹമ്മദ് ഒമ്രാന്‍ പറഞ്ഞു. ലയനസാധ്യതകള്‍ പഠിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിബി ഗ്രൂപ്പുമായി ചേര്‍ന്നാണ് എത്തിസലാത്തിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം. എത്തിസലാത്ത് ഡിബി (പഴയ സ്വാന്‍ ടെലികോം) എന്ന പേരിലുള്ള ഈ സംയുക്ത സംരംഭത്തില്‍ എത്തിസലാത്തിന് 45 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ഇത് 50 ശതമാനത്തിന് മുകളിലാക്കാനുള്ള നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നിലവിലുള്ള ഏതെങ്കിലും കമ്പനികളില്‍ ലയിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നത്.

ഇന്ത്യയിലെ 15 സര്‍ക്കിളുകളില്‍ മൊബൈല്‍ സേവനം ലഭ്യമാക്കാന്‍ 2008ല്‍ തന്നെ കമ്പനിക്ക് അനുമതി ലഭിച്ചതാണെങ്കിലും ഇതുവരെ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ലൈസന്‍സ് നഷ്ടമാകാതിരിക്കാന്‍ ഇക്കഴിഞ്ഞ ജൂണില്‍ കമ്പനി 'സോഫ്റ്റ് ലോഞ്ച്' നടത്തി. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ 'എത്തിസലാത്ത് ഡിബി'യുടെ സേവനങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.

അതിനിടെ, റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ 26 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം നടന്ന ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ അനില്‍ അംബാനി ആവര്‍ത്തിച്ചു. ഇതുവഴി കടബാധ്യത കുറയ്ക്കാനാണ് അനില്‍ അംബാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. അതിനാല്‍ തന്നെ എത്തിസലാത്തില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചുകൊണ്ടുള്ള ലയനത്തിന് അനില്‍ അംബാനി തയ്യാറാകാനാണ് സാധ്യത.

റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് പുറമെ, ഐഡിയ സെല്ലുലാര്‍, എസ്‌ടെല്‍ എന്നീ കമ്പനികളുമായും ലയനത്തിനുള്ള സാധ്യതകള്‍ എത്തിസലാത്ത് പരിശോധിക്കുന്നുണ്ട്

2010, സെപ്റ്റംബർ 29, ബുധനാഴ്‌ച

ആത്മഹത്യാ കുറിപ്പിന് 1905 പേജ് നീളം

ന്യൂയോര്‍ക്: കഴിഞ്ഞയാഴ്ച ഹാര്‍വാഡ് സര്‍വകലാശാലക്കു സമീപം സ്വയം വെടിവെച്ചു മരിച്ച 35കാരന്‍ മിഷല്‍ ഹെയ്‌സ്മാന്റെ ആത്മഹത്യാ കുറിപ്പിന് 1905 പേജുകളുടെ നീളം. ഇയാള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഓണ്‍ലൈനില്‍ ഇത് എഴുതുകയായിരുന്നു. മരണശേഷം ബന്ധുക്കള്‍ക്ക് കുറിപ്പ് ഇ-മെയില്‍ ആയി ലഭിച്ചു.
ശൂന്യതാവാദത്തിലുള്ള താത്ത്വിക പര്യവേക്ഷണമാണ് ആത്മഹത്യയെന്നും യുവാവ് പറയുന്നു. ജര്‍മന്‍ തത്ത്വചിന്തകനായ ഫ്രഡറിക് നീഷെയാണ് കുറിപ്പില്‍ ഏറ്റവുമധികം ഉദ്ധരിക്കപ്പെടുന്നത്.

2010, സെപ്റ്റംബർ 28, ചൊവ്വാഴ്ച

ചൈന ഏക സന്തതി നയം തുടരും

ബെയ്ജിങ്: ചൈനയില്‍ 30 വര്‍ഷത്തിലേറെയായി തുടരുന്ന 'ഒരു ദമ്പതികള്‍ക്ക് ഒരു കുട്ടി' എന്ന നയം റദ്ദാക്കേണ്ടെന്ന് ഭരണകൂടം തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ജനന നിരക്ക് കുറക്കുന്നതിനുവേണ്ടി 'ഒറ്റ സന്തതി' നയം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ദേശീയ ജനസംഖ്യ-കുടുംബാസൂത്രണ കമീഷന്‍ തലവന്‍ ലി ബിന്‍ പറഞ്ഞു. 'ഒറ്റ സന്തതി' നയത്തില്‍ ചൈന ഇളവ് അനുവദിച്ചേക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു.
പ്രസ്തുത നയം നടപ്പാക്കിയ സമയത്ത് ഓരോ കുടുംബത്തിലെയും ജനന നിരക്ക് ആറായിരുന്നെങ്കില്‍ ഇന്നത് രണ്ടായി കുറഞ്ഞെന്ന് ലിബാന്‍ പറഞ്ഞു.
ചരിത്രപരമായ നേട്ടങ്ങള്‍ എളുപ്പത്തില്‍ നേടാവുന്നതല്ല. രാഷ്ട്രത്തെ അതിലേക്കെത്തിക്കുന്നതില്‍ സഹകരിക്കുന്ന ഓരോ പൗരന്മാര്‍ക്കും അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
വരും ദശാബ്ദങ്ങളിലും പ്രസ്തുത നയം തന്നെ തുടരാനാണ് കമീഷന്റെ തീരുമാനം -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ 2008ലെ സെന്‍സസ് അനുസരിച്ച് 133 കോടിയിലേറെ ജനങ്ങളുണ്ട്. 2015ഓടെ അത് 150 കോടി കടക്കും.

2010, സെപ്റ്റംബർ 26, ഞായറാഴ്‌ച

ബിംഗ്--പുതിയ എതിരാളി


സാന്‍ഫ്രാന്‍സിസ്കോ

ആപ്പിളോ ഫെയ്സ്ബുക്കോ അല്ല പ്രധാന ബിസിനസ് വെല്ലുവിളിയെന്ന് ഗൂഗിള്‍ ചീഫ് എക്സിക്യൂട്ടിവ് എറിക് ഷ്മിഡ്ത്. മൈക്രോസോഫ്റ്റിന്‍റെ പുതുതലമുറ സെര്‍ച്ച് എന്‍ജിന്‍ ബിങ് ആണ് ഗൂഗിളിനു ഭീഷണി. ആപ്പിള്‍ ആദരിക്കപ്പെടേണ്ട ബിസിനസ് എതിരാളിയാണ്. ഫെയ്സ്ബുക്ക് സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. എന്നാല്‍, ഇതൊന്നും ഗൂഗിളിനെ കാര്യമായി ബാധിക്കില്ല. നന്നായി ഓടുന്ന, മത്സരക്ഷമതയുള്ള സെര്‍ച്ച് എന്‍ജിനാണു ബിങ്. അതു വെല്ലുവിളിയാണ്- അദ്ദേഹം പറഞ്ഞു.

യാഹൂവിനെ മറികടന്ന് മൈക്രോസോഫ്റ്റ് അമേരിക്കയിലെ രണ്ടാമത്തെ സെര്‍ച്ച് എന്‍ജിനായതു കഴിഞ്ഞ ഓഗസ്റ്റില്‍. ബിങ്, എംഎസ്എന്‍, വിന്‍ഡോസ് ലൈവ് എന്നീ മൈക്രോസോഫ്റ്റ് ഇന്‍റര്‍നെറ്റ് സെര്‍ച്ച് സര്‍വീസുകള്‍ക്ക് ഓഗസ്റ്റില്‍ യുഎസ് വിപണിയുടെ 13.9% വിഹിതമുണ്ട്. യാഹൂവിന് 13.1%. ജൂലൈയിലെ 14.6 ശതമാനത്തില്‍ നിന്നു യാഹൂ താഴെയിറങ്ങി. മൈക്രോസോഫ്റ്റ് 0.25% വിഹിതം കൂട്ടുകയും ചെയ്തു. 65.1% വിഹിതവുമായി ഗൂഗിള്‍ ബഹുദൂരം മുന്നില്‍. പരസ്യമാര്‍ക്കറ്റിലും അവര്‍ തന്നെയാണ് ഏറെ മുന്നിട്ടുനില്‍ക്കുന്നത്.

എന്നാല്‍, വര്‍ഷം കഴിയുന്തോറും മൈക്രോസോഫ്റ്റ് സൈറ്റുകള്‍ വിഹിതം കൂട്ടിക്കൊണ്ടിരിക്കുന്നു. 2009 ഓഗസ്റ്റില്‍ 10.7% മാത്രമായിരുന്നു അവരുടെ വിപണിവിഹിതം. അന്നു യാഹൂവിന് 16%. ഗൂഗിള്‍ 65 ശതമാനത്തില്‍ ഏതാണ്ടു സ്റ്റെഡി.

2010, സെപ്റ്റംബർ 25, ശനിയാഴ്‌ച

ഇഷ്ടനമ്പരിന് ഇനി നിശ്ചിത ഫീസ് : 'ഒന്നിന്' ഒരു ലക്ഷം; 777ന് അരലക്ഷം

Posted on: 24 Sep 2010

കൊല്ലം:വാഹനത്തിന് ഇഷ്ടനമ്പര്‍ സ്വന്തമാക്കണമെങ്കില്‍ ചെലവ് കൂടും. ചെറിയ ഡിപ്പോസിറ്റ് നല്‍കി ലേലം വിളിച്ചാല്‍ ഇഷ്ടനമ്പര്‍ നേടാമായിരുന്ന സ്ഥാനത്ത് ഇനി വന്‍തുക വേണം. ഗതാഗതവകുപ്പ് ഇതു സംബന്ധിച്ച് പുതിയ ഫീസുകള്‍ നിശ്ചയിച്ച് ഉത്തരവായി.
നമ്പര്‍-ഒന്ന് വേണമെങ്കില്‍ ഒരു ലക്ഷം രൂപ ഫീസ് ഒടുക്കണം. ഒരേ നമ്പരിന് ഒന്നിലധികംപേര്‍ ആവശ്യക്കാരായി വന്നാല്‍ ലേലം വിളിക്കും. ഒരു ലക്ഷം നിക്ഷേപത്തുകയ്‌ക്കൊപ്പം ലേലത്തുകയും കൊടുക്കണം.
777, 999, 3333, 4444, 5000, 5555, 7777, 9999 എന്നീ നമ്പരുകള്‍ കിട്ടാന്‍ അരലക്ഷമാണ് ഫീസ്. 5,7,9,333, 786, 1000, 1111, 1818, 2727, 3000, 3636, 4545, 5005, 5050, 6666, 7000, 7007, 8181, 8888, 9000, 9009, 9090 എന്നീ ഫാന്‍സി നമ്പരുകള്‍ വേണമെങ്കില്‍ 25,000 രൂപ ഫീസ് ഒടുക്കണം.
2,3,11, 99, 100, 111, 123, 313, 444, 500, 555, 666, 900, 909, 1001, 1234, 1717, 1881, 2000, 2222, 4455, 5454, 6363, 7272 എന്നീ നമ്പരുകള്‍ക്ക് 10,000 രൂപയാണ് ഫീസ്. 2007, 2500, 2525, 2700, 2772, 3456, 4000, 4500, 5353, 5445, 6060, 7070, 7117, 7171, 7227, 8008, 8080, 8118 എന്നീ നമ്പരുകള്‍ കിട്ടാന്‍ 5000 രൂപയും വേണം. മറ്റേതൊരു നമ്പര്‍ വേണമെങ്കിലും 3000 രൂപയാണ് അടയ്‌ക്കേണ്ടത്.
നിശ്ചിത ഫീസിന്റെ പകുതി ഡിമാന്‍ഡ് ഡ്രാഫ്ടായി എടുത്ത് അപേക്ഷ നല്‍കണം. ഒന്നിലധികം ആവശ്യക്കാര്‍ വന്നാല്‍ 7 ദിവസത്തിനകം ലേലം നടക്കും. ലേലത്തില്‍ വരുന്ന തുകയും ഫീസിന്റെ ബാക്കിയും ലേലസമയത്ത് തന്നെ നല്‍കിയാലേ നമ്പര്‍ കിട്ടൂ. അപ്പോള്‍ പണം നല്‍കിയില്ലെങ്കില്‍ അടുത്തയാള്‍ക്ക് നമ്പര്‍ കൈമാറും.

എടുക്കുന്ന പുതിയ വാഹനത്തിന്റെ താത്കാലിക രജിസ്‌േട്രഷന്‍ നമ്പരും നികുതിയടച്ച രസീതും മേല്‍വിലാസത്തെളിവുംകൂടി അപേക്ഷയ്‌ക്കൊപ്പം ഹാജരാക്കണമെന്നും നിര്‍ബന്ധമാക്കി. നേരത്തെ നമ്പര്‍ ലേലം വിളിച്ചുകഴിഞ്ഞ് തിരിമറികളും മാറ്റം മറിക്കലും മാത്രമായിരുന്നു. 50,000 രൂപയ്ക്ക് ഒരാള്‍ ഒരു ഇഷ്ടനമ്പര്‍ ലേലം വിളിച്ചെടുത്താല്‍ അത് പുറത്തു മറ്റാര്‍ക്കെങ്കിലും ലക്ഷങ്ങള്‍ക്ക് മറിച്ചു നല്‍കിയിരുന്നു. ആവശ്യക്കാര്‍ വരാത്ത ഏത് നമ്പരും നേരത്തെ സാധാരണ രജിസ്‌ട്രേഷന്‍കാര്‍ക്ക് നല്‍കിയിരുന്നു. ഇനിമുതല്‍ അതുണ്ടാവില്ല. ആവശ്യക്കാരില്ലെങ്കില്‍ ഇനി ഫാന്‍സി നമ്പരുകള്‍ ആര്‍ക്കും നല്‍കില്ല.