Powered By Blogger

2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

എത്തിസലാത്ത് റിലയന്‍സില്‍ ലയിച്ചേക്കും


ന്യൂഡല്‍ഹി: യുഎഇ ആസ്ഥാനമായുള്ള ടെലികോം കമ്പനിയായ എത്തിസലാത്തിന്റെ ഇന്ത്യന്‍ സംരംഭം അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സില്‍ ലയിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇതു സംബന്ധിച്ച് റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് എത്തിസലാത്തിന്റെ ചെയര്‍മാന്‍ മുഹമ്മദ് ഒമ്രാന്‍ പറഞ്ഞു. ലയനസാധ്യതകള്‍ പഠിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിബി ഗ്രൂപ്പുമായി ചേര്‍ന്നാണ് എത്തിസലാത്തിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം. എത്തിസലാത്ത് ഡിബി (പഴയ സ്വാന്‍ ടെലികോം) എന്ന പേരിലുള്ള ഈ സംയുക്ത സംരംഭത്തില്‍ എത്തിസലാത്തിന് 45 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ഇത് 50 ശതമാനത്തിന് മുകളിലാക്കാനുള്ള നീക്കത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് നിലവിലുള്ള ഏതെങ്കിലും കമ്പനികളില്‍ ലയിപ്പിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നത്.

ഇന്ത്യയിലെ 15 സര്‍ക്കിളുകളില്‍ മൊബൈല്‍ സേവനം ലഭ്യമാക്കാന്‍ 2008ല്‍ തന്നെ കമ്പനിക്ക് അനുമതി ലഭിച്ചതാണെങ്കിലും ഇതുവരെ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ലൈസന്‍സ് നഷ്ടമാകാതിരിക്കാന്‍ ഇക്കഴിഞ്ഞ ജൂണില്‍ കമ്പനി 'സോഫ്റ്റ് ലോഞ്ച്' നടത്തി. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ 'എത്തിസലാത്ത് ഡിബി'യുടെ സേവനങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.

അതിനിടെ, റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ 26 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം നടന്ന ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ അനില്‍ അംബാനി ആവര്‍ത്തിച്ചു. ഇതുവഴി കടബാധ്യത കുറയ്ക്കാനാണ് അനില്‍ അംബാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. അതിനാല്‍ തന്നെ എത്തിസലാത്തില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചുകൊണ്ടുള്ള ലയനത്തിന് അനില്‍ അംബാനി തയ്യാറാകാനാണ് സാധ്യത.

റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് പുറമെ, ഐഡിയ സെല്ലുലാര്‍, എസ്‌ടെല്‍ എന്നീ കമ്പനികളുമായും ലയനത്തിനുള്ള സാധ്യതകള്‍ എത്തിസലാത്ത് പരിശോധിക്കുന്നുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ